Kerala
കൊല്ലം: കൊല്ലം ആയൂരിൽ വയോധികയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലിസ്. ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകൾ അമൃതയും ചേർന്നാണ് വയോധികയെ ആക്രമിച്ചത്.
രാധാമണിയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിക്കുകയായിരുന്നു. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണം. ചടയമംഗലം പൊലിസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ട്രാപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി.
Kerala
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കല്ലമ്പലം സ്വദേശി റെജി ആണ് പിടിയിലായത്. ഇടമുളയ്ക്കൽ വാഴോട് സ്വദേശി ലിസിക്ക് ആണ് പൊള്ളലേറ്റത്.
ശനിയാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. പ്രതി ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിസിയുടെ മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ലിസി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ലിസി ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നത് റെജിക്ക് ഇഷ്ടമല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
കൊച്ചി: വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതി പിടിയിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ സ്വദേശി അജിത് കുമാർ ആണ് പിടിയിലായത്. മാർച്ച് 31ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പുത്തൻകുരിശ് പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരൻ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പ്രതി കാസർഗോഡ് ഉദുമ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു.
പുത്തൻകുരിശ് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കുണ്ടറ, കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷനുകളിലും കേസുണ്ട്.
Kerala
പുത്തൂർ: കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പുത്തൂർ വില്ലേജ് ഓഫിസർ അഭിലാഷ് ആനന്ദ് ആണ് പിടിയിലായത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഭിലാഷ് ആനന്ദിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത്.
പുത്തൂർ സ്വദേശിയായ പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് വസ്തു വിൽപത്ര പ്രകാരം പോക്കുവരവ് ചെയ്ത് നൽകുന്നതിനാണ് അഭിലാഷ് ആനന്ദ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
Kerala
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തിന് നേരെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ നടത്തിയ ആക്രമണത്തിൽ എസ്ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ എസ്ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം.
അടൂർ പൊലിസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായ റെജിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. സംഘത്തിലൊരാൾ ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്കടിച്ചു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊല്ലം: കൊല്ലം മയനാട് ലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തതായി പരാതി. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയിൽ നിന്ന് പണം തട്ടിയത്.
ധവളക്കുഴി സ്വദേശിനി അമ്പിളിയമ്മയാണ് തട്ടിപ്പിനിരയായത്. അക്കങ്ങൾ തിരുത്തിയ ടിക്കറ്റ് നൽകി 4,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. നാല് ടിക്കറ്റുകൾക്ക് 500 രൂപവീതവും ഒരു ടിക്കറ്റിന് 2,000 രൂപയും അടിച്ചെന്ന് അമ്പിളിയമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.
ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ പേന ഉപയോഗിച്ചാണ് തിരുത്തിയിരിക്കുന്നതെങ്കിലും അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ലെന്ന് അമ്പിളിയമ്മ പറയുന്നു. വയോധികയുടെ പരാതിയിൽ ഇരവിപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കൊല്ലം : വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് തുറമുഖമാക്കി കൊല്ലം തുറമുഖത്തെ വികസിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തുറമുഖ സന്ദര്ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
2011-16 കാലയളവില് കൊല്ലം തുറമുഖത്തിന്റെ വികസനത്തിന് നിരവധി പദ്ധതികള് നടപ്പിലാക്കിയിരുന്നു. എന്നാല് അതിനുശേഷം തുറമുഖത്തിന്റെ വികസനം സ്തംഭിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്ഷത്തിനിടെ കൊല്ലം തുറമുഖത്തിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. വി.ഡി. സതീശന് സര്ക്കാര് സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കൂടിയാണ് കാണുന്നത്. അതിന്റെ ഭാഗമായി കൊല്ലം തുറമുഖത്തിന്റെ വികസനത്തിന് വിവിധ പദ്ധതികള് സര്ക്കാര് തയാറാക്കി വരികയാണ്. അടുത്ത ദിവസം നടക്കുന്ന തുറമുഖ വകുപ്പിന്റെ യോഗത്തിനു മുന്നോടിയായിട്ടാണ് തുറമുഖം സന്ദര്ശിച്ചത്.
അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമുള്ള സംഗതികള് മനസിലാക്കാനും ജനങ്ങളോടും തുറമുഖ അധികൃതരോടും ജനപ്രതിനിധികളോടും അഭിപ്രായങ്ങള് നേരിട്ട് കേള്ക്കാനാണ് സന്ദര്ശനം നടത്തിയത്. തുറമുഖത്തിന്റെ ആവശ്യങ്ങള് തുറമുഖ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഫ്ളോട്ടിംഗ് ഡ്രൈ ഡോക്ക് സ്ഥാപിക്കല്, ടൂറിസ്റ്റ് കപ്പലുകള് ഇവിടെ നിന്ന് ആരംഭിക്കല് തുടങ്ങിയ ഒട്ടേറെ സാധ്യതള് പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലത്തിനുശേഷം തുറമുഖത്ത് ഡ്രഡ്ജിംഗ് നടത്തിയിട്ടില്ല.
എട്ട് മീറ്ററെങ്കിലും ആഴം ഉണ്ടെങ്കിലേ കപ്പല് അടുപ്പിക്കാന് കഴിയൂ. സര്വേ നടത്തി നിലവിലെ ആഴം കണ്ടെത്തി ഡ്രഡ്ജിംഗിനുള്ള നടപടി സ്വീകരിക്കും. ഷിപ്പിംഗ് സമയങ്ങളില് പോര്ട്ടില് ആവശ്യമുള്ള പോര്ട്ട് ഹെല്ത്ത് ഓഫീസറുടെ പോസ്റ്റ് ഇവിടെ ഇല്ല.
ഇത്തരം പ്രായോഗിക തടസങ്ങള്ക്ക് പരിഹാരം കാണും. നിലവിലെ വാര്ഫിന് ആഴമില്ലാത്തത്, കസ്റ്റംസുമായി ബന്ധപ്പെട്ട തടസങ്ങള്, കോസ്റ്റല് പൊലിസ് ബോട്ടുകളുടെ കാലപ്പഴക്കം, പോര്ട്ടില് ഹൈമാസ്റ്റ് ലൈറ്റുകളും കാമറകളും പ്രവര്ത്തിക്കാത്തത്, മത്സ്യബന്ധന വള്ളങ്ങളില് നിന്ന് സാധനസാമഗ്രികള് മോഷണം പോകുന്നത് തുടങ്ങിയ ഒട്ടേറെ സംഗതികള് പോര്ട്ട് അധികൃതരും മത്സ്യത്തൊഴിലാളികളും ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യങ്ങള്ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മേയര് എ.കെ ഹഫീസ്, ഡെപ്യൂട്ടി മേയര് ഉദയ സുകുമാരന്, പോര്ട്ട് ഓഫീസര് ക്യാപ്റ്റന് ജിസ്മാന് ജേക്കബ്, പോര്ട്ട് പര്സര് സുനില്, പോര്ട്ട് കണ്സര്വേറ്റര് അനില്കുമാര്, എഎക്സ്ഇ സജീവ്, വിന്സി ബൈജു, ഡി. ഗീതാകൃഷ്ണന്, എന്. ഉണ്ണികൃഷ്ണന്, ബി. തൃദീപ് കുമാര്, ജോര്ജ് ഡി. കാട്ടില്, ജെ. പ്രീത, എഫ്. അലക്സാണ്ടര്, ജനപ്രതിനിധികള്, മത്സ്യത്തൊഴിലാളി പ്രതിനിധികള് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Kerala
കൊല്ലം: ചവറ തട്ടാശേരിയില് വയോധികയെ മർദിച്ച കേസിൽ മകൻ പിടിയിൽ. ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടില് ശ്യാമള അമ്മയ്ക്കാണ് മർദനമേറ്റത്. സംഭവത്തെ തുടർന്ന് ഇളയ മകൻ വേണു(44) ആണ് പിടിയിലായത്.
സ്വത്ത് വീതംവച്ച് നൽകിയതിൽ കുറവുണ്ടായെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ഹോം നഴ്സ് ആണ് ദൃശ്യങ്ങൾ പകർത്തിയത്.
അമ്മ നിലവിളിച്ച് അപേക്ഷിച്ചിട്ടും പ്രതി മർദനം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ ചവറ പൊലിസ് കേസെടുത്ത് വേണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മയെ അസഭ്യം പറയുന്നതും ഷര്ട്ട് തൂക്കിയിടുന്ന ഹാംഗര് ഉപയോഗിച്ച് തല്ലുന്നതുമാണ് ഒന്നര മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിലുള്ളത്.
Kerala
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ നഴ്സിംഗ് ഓഫിസർ പിടിയിൽ. ഇഎസ്ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെയാണ് ലൈംഗികാതിക്രമം. സംഭവത്തിൽ ആശുപത്രി നഴ്സും യൂട്യൂബറുമായ പൂന്തുറ സ്വദേശി മിഗ്ദാദ് (38) ആണ് പിടിയിലായത്.
കൊല്ലം ഈസ്റ്റ് പൊലിസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് എട്ടിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ലിഫ്റ്റിൽ വച്ച് പെൺകുട്ടിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലിസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായി പൊലിസ് അറിയിച്ചു.
Kerala
കൊല്ലം: മാഞ്ഞാലിമുക്ക് ഭാഗത്തെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം പോയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുനെൽവേലി സ്വദേശി രമേഷ് എം. എന്ന സുഭാഷ് (24) ആണ് പിടിയിലായത്.
പ്രതിയെ കൊട്ടിയം പൊലിസ് തമിഴ്നാട്ടിലെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം 23-ന് അർധരാത്രിയിലാണ് പ്രതി മോഷണം നടത്തിയതെന്നാണ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് മനസിലാക്കി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ചാത്തന്നൂർ എസിപി രാഖേഷിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനീസിന്റെ നിർദേശപ്രകാരം കൊട്ടിയം എസ്എച്ച്ഒ. വിഷ്ണു സജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ അഭിജിത്ത്, സിപിഒമാരായ അരുൺ, അഖിൽ, ഷംനാദ്, പ്രവീൺ എന്നിവർ അടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊല്ലം: ഭാര്യയെ പിന്തുടർന്ന് പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് എംഡിഎംഎയും കത്തിയുമായി പിടിയിൽ. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി സനൽകുമാർ ആണ് എംഡിഎംഎയുമായി പിടിയിലായത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ആറ്റിങ്ങൽ സ്വദേശി സനൽകുമാറും ഭാര്യയും ചാത്തന്നൂരിലെത്തിയത്. ചടങ്ങുകൾക്ക് പിന്നാലെ ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തെ തുടർന്ന് പരാതി നൽകാനാണ് യുവതി ചാത്തന്നൂർ പൊലിസ് സ്റ്റേഷനിലെത്തിയത്. ഇരുചക്രവാഹനത്തിൽ ഭാര്യയെ പിന്തുടർന്ന് സനൽകുമാറും സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലിസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പോക്കറ്റിൽ എംഡിഎംഎയും കണ്ടെടുത്തത്.
ഒരു ഗ്രാമിലേറെ എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ചാത്തന്നൂർ പൊലിസ് വ്യക്തമാക്കി.
Kerala
കൊട്ടിയം: കൊട്ടിയം ഉമയനല്ലൂരിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിലായി. തമിഴ്നാട് തിരുനെൽവേലി അവിതന്നൂർ രാമസ്വാമിപുരത്ത് രമേശ് സുഭാഷ് (24) ആണ് കേസിൽ അറസ്റ്റിലായത്. കൊട്ടിയം പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
ഉമയനല്ലൂർ സ്വദേശി മുഹമ്മദ് റാഫിയുടെ ബുള്ളറ്റ് ആണ് പ്രതി മോഷ്ടിച്ചത്. കേസിൽ അന്വേഷണം തുടരുന്നതിനിടെ കസ്റ്റഡിയിലെടുത്ത രണ്ടുപേരിൽനിന്ന് ലഭിച്ച വിവരങ്ങളിൽനിന്ന് ആണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലിസിന് ലഭിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെയും ടവർ ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലിസ് കണ്ടെത്തിയത്. ഇയാൾ കൊട്ടിയത്തും പരിസരപ്രദേശങ്ങളിലും കെട്ടിട നിർമാണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അന്വേഷണത്തിൽ രമേശ് സുഭാഷ് കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊല്ലം: കൊല്ലത്ത് ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശൻ (44) എന്നിവരാണ് പിടിയിലായത്. ശൂരനാട് പൊലിസ് ആണ് പ്രതികളെ പിടികൂടിയത്.
ശൂരനാട് കോയിക്കൽ ചന്തയിലായിരുന്നു സംഭവം. കടയുടമ മനാഫിനും ഭാര്യ സീനത്തിനും മർദനമേറ്റതായി പരാതിയുണ്ട്. കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന ഇരുവരും വീണ്ടും ദോശ ആവശ്യപ്പെട്ടു. ഇത് നൽകാൻ വൈകിയതാണ് പ്രകോപനത്തിന് കാരണം.
തുടർന്ന് ഇരുവരും കടയുടമയുമായി തർക്കത്തിലേർപെട്ടു. പിന്നാലെ കടയിലെ ചില്ല് അലമാരകളും മറ്റ് സാധനങ്ങളും പ്രതികൾ അടിച്ചുതകർത്തു. സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും സംഘർഷമുണ്ടായി.
സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Kerala
കൊല്ലം: നേപ്പാളിലെ മിന്നല്പ്രളയത്തില് കാണാതായവരില് കൊല്ലം സ്വദേശിയും. പരവൂര് കോങ്ങാല് ശ്രീകൃഷ്ണ ഭവനില് സുനന്ദ മണിരാജനെയാണ് (63) കാണാതായത്. 40 വര്ഷമായി യുകെയില് സ്ഥിര താമസക്കാരിയായിരുന്നു സുനന്ദ. കഴിഞ്ഞ മാസം 16 നാണ് ഇവര് ലണ്ടനില് നിന്നും ഡല്ഹിയിലെത്തിയത്. തുടർന്ന് ഡല്ഹിയില് നിന്നും നേപ്പാളിലേക്ക് യാത്രതിരിക്കുകയും ചെയ്തു.
നേപ്പാളിലെത്തി കസ്റ്റംസ് ഓഫീസില് വീസ സ്റ്റാമ്പ് ചെയ്യുന്നതിനിടയില് അപകടത്തില്പ്പെട്ടുവെന്നാണ് ബന്ധുക്കള് പറയുന്നത്. സുനന്ദക്ക് ഒപ്പമുണ്ടായിരുന്ന ലണ്ടനില് നിന്നുമെത്തിയ സംഘത്തെക്കുറിച്ചും യാതൊരു വിവരവുമില്ല. സംഘത്തില് മലയാളിയായി ഇവര് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യന് എംബസിക്കുള്പ്പെടെ സുനന്ദയുടെ കുടുംബം പരാതി നല്കിയിട്ടുണ്ട്.
ആല്പ്പൈന് എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പമുള്ള യാത്രയിലായിരുന്നു സുനന്ദ. ടിബറ്റ് നേപ്പാള് അതിര്ത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാന് സാധിച്ചിട്ടില്ലെന്നു ബന്ധുക്കള് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നാണ് സുനന്ദ അവസാനമായി ഫോണില് ബന്ധപ്പെട്ടത്. സുനന്ദയുടെ ഭര്ത്താവ് റിട്ട. യുകെ ഗവണ്മെന്റ് ഉദ്യോഗസ്ഥന് മണിരാജന് ഇരവിപുരം കുന്നത്തിക്കാവ് നഗറിലെ താമസക്കാരനാണ്.
അതേസമയം ഗോസൈന്കുണ്ഡ തീര്ഥാടനത്തിനായി പോയ സുനന്ദ ഉള്പ്പെടെ 17 ഇസ്കോണ് തീര്ഥാടകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്കോണും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, അയര്ലന്ഡ് എന്നിവിടങ്ങളില് നിന്നുള്ളവരാണ് സംഘത്തിലുള്ളത്. മക്കള്: ഡോ. മീര മണിരാജ്, ഡോ.സുമി മണിരാജ്.
Kerala
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഡോ. രേഖ കൃഷ്ണനോട് നിര്ബന്ധിത അവധിയില് പോകാന് നിർദേശം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വീഡിയോ ദൃശ്യങ്ങള് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് രേഖാ കൃഷ്ണന് കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു. ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടർ കയർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പനിയും ശരീര വേദനയും എമര്ജന്സി അല്ലെന്നും ഇത് തുറന്ന് വച്ചിരിക്കുന്നത് നിങ്ങള്ക്ക് ഓടിക്കയറാന് അല്ലെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്. മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ എന്നും ഇത് മന്ത്രവാദമൊന്നുമല്ലെന്നും രേഖ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
Sports
കാര്യവട്ടം: അവസാന ഓവറിലെ അവസാന പന്തു വരെ കാത്തിരുന്നു വിജയം ആര്ക്കാണെന്നറിയാന്. കേരള ക്രിക്കറ്റ് ലീഗില് കൊച്ചി ബ്ലൂ ടൈഗേഴ്സിന് എതിരേ കൊല്ലം സെയ്ലേഴ്സിനു മൂന്നു റണ്സ് ജയം. ടോസ് നേടിയ കൊല്ലം ബാറ്റിംഗിന് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില് ഒമ്പതു വിക്കറ്റ് നഷ്ടത്തില് കൊല്ലം 158 റണ്സെടുത്തു. 159 റണ്സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില് 155 റണ്സ് നേടാനേ സാധിച്ചുള്ളൂ.
കൊല്ലത്തിന്റെ ഓപ്പണിംഗില് വല്സല് ഗോവിന്ദന്-അഭിഷേക് ജെ. നായര് സഖ്യം മികച്ച തുടക്കം കുറിച്ചു. ഓപ്പണിംഗ് കൂട്ടുകെട്ട് 99 റണ്സ് കൂട്ടിച്ചേര്ത്തശേഷമാണ് പിരിഞ്ഞത്. 31 പന്തില് 46 റണ്സ് എടുത്ത അഭിഷേകിന്റെ വിക്കറ്റ് പി.എസ്. ജറിന് സ്വന്തമാക്കി. സ്കോര് 109-ല് എത്തിയപ്പോള് എം. അജിനാസിനെ (2) ജറിന് പവലിയനിലേക്ക് അയച്ചു. തുടര്ന്ന് ഒരു വശത്ത് ബാറ്റര്മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. ഏഴു ബാറ്റര്മാരും രണ്ടക്കം കാണാതെ മടങ്ങി. ഓപ്പണര് വല്സല് ഗോവിന്ദന്റെ ഒറ്റയാള് പോരാട്ടമാണ് ടീം സ്കോര് 150 കടത്തിയത്. 46 പന്തില് നിന്നും മൂന്നു സിക്സും എട്ടു ബൗണ്ടറിയും ഉള്പ്പെടെ 77 റണ്സാണ് വല്സല് ഗോവിന്ദന് സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക്് ആദ്യ വിക്കറ്റ് സ്കോര് ബോര്ഡില് 14 റണ്സ് ഉളളപ്പോള് നഷ്ടമായി. 12 പന്തില് രണ്ടു റണ്സ് നേടിയ പവന് ശ്രീധര് മോനു കൃഷ്ണന്റെ പന്തില് റണ്ണൗട്ട്. ആറാം ഓവറിലെ നാലാം പന്തില് വിനൂപ് മനോഹരനെ (19) എ.ജി. അമല് മോനു കൃഷ്ണന്റെ കൈകളിലെത്തിച്ചു. ക്യാപ്റ്റന് സാലി സാംസണ് (44), ഉണ്ണികൃഷ്ണന് മനുകൃഷ്ണന് (33), ആല്ഫി ഫ്രാന്സിസ് ജോണ് (23 നോട്ടൗട്ട്) എന്നിവര് ശക്തമായ പോരാട്ടം നടത്തിയെങ്കിലും പവന്രാജിന്റെ അവസാന ഓവറുകളിലെ മികച്ച പന്തുകള് ഉണ്ണികൃഷ്ണന്, മനുകൃഷ്ണന് ഉള്പ്പെടെയുള്ള കൊച്ചിയുടെ മൂന്നു വിക്കറ്റുകള് പിഴുതു.
ആല്ഫി ഫ്രാന്സിസ് 10 പന്തില് 23 റണ്സെടുത്ത് പുറത്താകാതെ നിന്നെങ്കിലും നിശ്ചിത 20 ഓവറില് കൊച്ചിയുടെ സ്കോര് ഏഴു വിക്കറ്റ് നഷ്ടത്തില് 155ല് അവസാനിച്ചു. കൊല്ലത്തിന് മൂന്നു റണ്സ് ജയം. നാല് ഓവറില് 32 റണ്സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പവന്രാജാണ് പ്ലെയര് ഓഫ് ദ മാച്ച്.
Kerala
കൊല്ലം: കൊല്ലം മയ്യനാട് കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനാകാതെ പോലീസ്. കെഎസ്ഇബി ഉദ്യോഗസ്ഥൻ ശ്രീകുമാറിനാണ് മർദനമേറ്റത്. കൂട്ടിക്കട സ്വദേശി ഹാഷിം ആണ് ശ്രീകുമാറിനെ ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ഹാഷിം ഒളിവിൽ പോയിരുന്നു. ശ്രീകുമാറിനെ ഹാഷിം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയാണ് ഇരവിപുരം പോലീസിൽ ശ്രീകുമാർ പരാതി നൽകിയിട്ടുള്ളത്.
ഓഗസ്റ്റ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലൈൻ കമ്പികൾ മാറ്റി എബിസി കേബിൾ വലിക്കുന്ന ജോലിക്കായി കൂട്ടിക്കട ഭാഗത്ത് പകൽ സമയം വൈദ്യുതി വിച്ഛേദിച്ചിരുന്നു. തുടർന്ന് വൈദ്യുതി സപ്ലൈ പുനഃസ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഓഫീസിൽ കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.
Kerala
കൊല്ലം: അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. അടയമണ് സ്വദേശി രമണൻ ആണ് പിടിയിലായത്. ആത്മഹത്യ പ്രേരണകുറ്റം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കൊപ്പം താമസിച്ചിരുന്ന സൂര്യ(22) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഓഗസ്റ്റ് 10 ന് ആയിരുന്നു സംഭവം. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് രമണനെ പോലീസ് പിടികൂടിയത്.
രണ്ടു വർഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന് വീട്ടില് പ്രശ്നങ്ങള് ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്പ്പിക്കുകയും ചെയ്തിരുന്നു. ഇതില് മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
District News
കൊല്ലം: കൊല്ലം റെയില്വേ സ്റ്റേഷനില് ഏകദേശം 361 കോടി രൂപ ചെലവഴിച്ചുള്ള വന് വികസന നിര്മാണ പ്രവൃത്തികളാണ് നടന്നുവരുന്നതായി കൊല്ലം റെയില്വേ അധികൃതര് അറിയിച്ചു. എയര്പോര്ട്ട് മാതൃകയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള് ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പുനര്വികസന പദ്ധതിയില് സൗത്ത്, നോര്ത്ത് എന്നീ രണ്ട് പ്രധാന ടെര്മിനലുകളാണ് നിര്മിക്കുന്നത്. യാത്രക്കാര്ക്ക് എയര്പോര്ട്ട് മാതൃകയിലുള്ള സുഗമമായ യാത്രാനുഭവം നല്കുന്ന രീതിയിലാണ് ഇവയുടെ രൂപകല്പ്പന.
സൗത്ത് ടെര്മിനല് (പ്രധാന കെട്ടിടം)
ഏകദേശം 22,655 ചതുരശ്ര മീറ്റര് വിസ്തീര്ണത്തില് മൂന്ന് നിലകളിലായി നിര്മിക്കുന്ന ഈ കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രധാന പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നത്. വിസ്തൃതമായ പാസഞ്ചര് സര്ക്കുലേഷന് സ്പേസ്, സെക്യൂരിറ്റി പരിശോധനയ്ക്കും ബാഗേജ് സ്കാനിംഗിനുമുള്ള പ്രത്യേക സംവിധാനങ്ങള് ഈ കെട്ടിടത്തിലുണ്ടാവും.
കൂടാതെ ടിക്കറ്റ് കൗണ്ടറുകള്, റിസര്വേഷന് ഓഫീസ്, ഹെല്പ്പ് ലൈന് ബൂത്തുകള്, വിശാലമായ വെയ്റ്റിംഗ് ഹാളുകള്, വിഐപി ലോഞ്ചുകള്, റെസ്റ്റോറന്റുകള്, ആര്പിഎഫ്/സുരക്ഷാ ഓഫീസുകള് എന്നിവയ്കേകു പുറമെ എട്ട് ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും സൗത്ത് ടെര്മിനലില് മാത്രം സജ്ജമാക്കുന്നുണ്ട്.
നോര്ത്ത് ടെര്മിനല്
ഏകദേശം 918 ചതുരശ്ര മീറ്റര് വിസ്തീര്ണത്തില് നിര്മിക്കുന്ന ഈ കെട്ടിടം ദേശീയപാത 744ന് സമീപം സ്ഥിതി ചെയ്യുന്നതിനാല് ആ ഭാഗത്തുനിന്നെത്തുന്ന യാത്രക്കാര്ക്ക് എളുപ്പത്തില് സ്റ്റേഷനിലേക്കു പ്രവേശിക്കാം. ടിക്കറ്റ് കൗണ്ടറുകള്, ബുക്കിംഗ് ഓഫീസുകള്, ചെറിയ റീട്ടെയില് ഷോപ്പുകള്/കിയോസ്കുകള്, വന്നിറങ്ങുന്നവര്ക്കും പോകുന്നവര്ക്കുമുള്ള പ്രത്യേക എക്സിറ്റ്/എന്ട്രി ലോബികള് എന്നിവയ്ക്കു പുറമെ രണ്ടു ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും ഇതില് ഉള്പ്പെടുന്നു.
എയര് കോണ്കോഴ്സ്
റെയില്വേ സ്റ്റേഷന്റെ പുനര്വികസന പദ്ധതിയില് ഏറ്റവും പ്രധാനപ്പെട്ട ആകര്ഷണമാണ് പ്ലാറ്റ്ഫോമുകള്ക്ക് മുകളിലായി ഉയരുന്ന കൂറ്റന് എയര് കോണ്കോഴ്സ്. വിമാനത്താവളങ്ങളിലെ ഡിപ്പാര്ച്ചര് ലോഞ്ചുകള്ക്ക് സമാനമായ അനുഭവമാണ് ഇത് യാത്രക്കാര്ക്ക് നല്കുന്നത്. എയര് കോണ്കോഴ്സ് പൂര്ത്തിയാകുന്നതോടെ പ്ലാറ്റ്ഫോമുകളിലെ തിരക്ക് ഗണ്യമായി കുറയുകയും യാത്രക്കാര്ക്ക് സുരക്ഷിതവും ആധുനികവുമായ യാത്രാനുഭവം ലഭിക്കുകയും ചെയ്യും.
ഏകദേശം 36 മീറ്റര് വീതിയിലാണ് എയര് കോണ്കോഴ്സ് നിര്മിക്കുന്നത്. ഇത് രണ്ട് പ്രധാന ടെര്മിനലുകളെയും എല്ലാ പ്ലാറ്റ്ഫോമുകളെയും തമ്മില് ബന്ധിപ്പിക്കുന്നു.
ട്രെയിന് ഇറങ്ങുന്നവരും കയറാന് എത്തുന്നവരും തമ്മിലുള്ള തിരക്ക് ഒഴിവാക്കാന് ഇത് സഹായിക്കും.
കോണ്കോഴ്സ് വഴി യാത്രക്കാര്ക്ക് അതത് പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് ലിഫ്റ്റുകള്, എസ്കലേറ്ററുകള്, പടികള് എന്നിവ വഴി ഇറങ്ങാം. പ്ലാറ്റ്ഫോമുകളില് തിരക്കില് നില്ക്കാതെ, വിശാലവും എയര്കണ്ടീഷന് ചെയ്തതുമായ വെയ്റ്റിംഗ് ഏരിയകളില് യാത്രക്കാര്ക്ക് ട്രെയിന് വരുന്നതുവരെ സമയം ചെലവഴിക്കാം. ഫുഡ് കോര്ട്ടുകള്, റെസ്റ്റോറന്റുകള്, റീട്ടെയില് ഔട്ട്ലെറ്റുകള്, എടിഎമ്മുകള്, എക്സിക്യൂട്ടീവ് ലോഞ്ചുകള് എന്നിവ എയര് കോണ്കോഴ്സിന് ഉള്ളില് സജ്ജീകരിക്കും.
ട്രെയിനുകളുടെ സമയവിവരങ്ങള്, പ്ലാറ്റ്ഫോം മാറ്റങ്ങള് എന്നിവ തത്സമയം അറിയാന് കൂറ്റന് എല്ഇഡി ഡിസ്പ്ലേ ബോര്ഡുകളും അനൗണ്സ്മെന്റ് സിസ്റ്റങ്ങളും എയര് കോണ്കോഴ്സില് ഉണ്ടാകും.
മള്ട്ടി ലെവല് കാര് പാര്ക്കിംഗ്
പുനര്വികസന പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെയും സന്ദര്ശകരുടെയും വാഹനങ്ങള് സുരക്ഷിതമായി പാര്ക്ക് ചെയ്യുന്നതിനായി അത്യാധുനിക രീതിയിലുള്ള മള്ട്ടി ലെവല് കാര് പാര്ക്കിംഗ് സൗകര്യമാണ് നിര്മിക്കുന്നത്. ഈ സൗകര്യം പൂര്ത്തിയാകുന്നതോടെ കൊല്ലം സ്റ്റേഷന് പരിസരത്തെ ദീര്ഘകാലത്തെ പാര്ക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.
സൗത്ത് ടെര്മിനലിന് സമീപത്തായാണ് ബഹുനില പാര്ക്കിംഗ് സമുച്ചയം ഉയരുന്നത്. നൂറുകണക്കിന് വാഹനങ്ങള് ഒരേസമയം നിര്ത്തിയിടാന് ശേഷിയുള്ളതാണ് ഈ ഘടന. 500ലധികം ഇരുചക്രവാഹനങ്ങളും 250ലധികം നാലുചക്രവാഹനങ്ങളും (കാറുകള്) ഒരേസമയം പാര്ക്ക് ചെയ്യാനുള്ള വിശാലമായ സ്ഥലസൗകര്യം ഇവിടെയുണ്ടാകും.
ഭാവിയിലെ ആവശ്യങ്ങള് മുന്നിര്ത്തി, ഇലക്ട്രിക് കാറുകളും ഇരുചക്ര വാഹനങ്ങളും ചാര്ജ് ചെയ്യുന്നതിനായി പ്രത്യേക ഇവി ചാര്ജിംഗ് സ്റ്റേഷനുകള് സജ്ജീകരിക്കും.
സ്റ്റേഷന് മുന്നിലെ റോഡുകളില് ഗതാഗതക്കുരുക്ക് ഒഴിവാക്കാന് എന്ട്രി, എക്സിറ്റ് പാതകള് വേര്തിരിച്ച് കൃത്യമായ ട്രാഫിക് ക്രമീകരണത്തോടെയാണ് ഇതിന്റെ രൂപകല്പന. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന സിസിടിവി നിരീക്ഷണ കാമറകള്, ഓട്ടോമേറ്റഡ് ടിക്കറ്റിംഗ്/ഫെയര് കളക്ഷന് സിസ്റ്റം, കൃത്യമായ ലൈറ്റിംഗ്, അത്യാധുനിക അഗ്നിശമന സംവിധാനങ്ങള് എന്നിവ പാര്ക്കിംഗ് കെട്ടിടത്തില് ഉറപ്പാക്കും.
പാര്ക്കിംഗ് ഏരിയയില്നിന്ന് യാത്രക്കാര്ക്ക് നേരിട്ട് ലിഫ്റ്റുകള് അല്ലെങ്കില് റാമ്പുകള് വഴി സൗത്ത് ടെര്മിനലിലേക്കും എയര് കോണ്കോഴ്സിലേക്കും എളുപ്പത്തില് എത്താന് സാധിക്കും.
Kerala
കൊല്ലം: കിടപ്പറ ദൃശ്യങ്ങള് പകര്ത്തി ഭര്ത്താവ് അശ്ലീല സൈറ്റുകള്ക്കു വിറ്റ് സംഭവത്തില് ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി യുവതി. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്ത്താവ് സ്വകാര്യ ദൃശ്യങ്ങള് അശ്ലീല വെബ്സൈറ്റുകള്ക്കു വിറ്റുവെന്നും ഇതു ചോദ്യം ചെയ്തപ്പോള് ക്രൂരമര്ദനം ഏല്ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ചതായും താക്കോല്കൂട്ടം കൊണ്ട് ദേഹമാസകലം ഇടിച്ചതായും മൊഴിയിലുണ്ട്.
പോക്സോ ചുമത്തിയില്ലെന്നു പരാതി
നാലു വയസുകാരിയായ മകളുടെ മുന്നില് വച്ച് ഭര്ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലീസ് അവഗണിച്ചവെന്ന് പരാതിക്കാരി ആരോപിച്ചു. മകളുടെ മുന്നിലിരുന്ന് അശ്ലീല വിഡിയോ കാണുകയും വൈകൃതങ്ങള് കാട്ടുകയും ചെയ്തുവെന്നാണ് ആരോപണം. ഇതു ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. പ്രതിയായ ഭര്ത്താവിനെതിരെ പോക്സോ കേസ് ചുമത്തണമെന്നാണ് ആവശ്യം. കൊല്ലം കമ്മിഷണര് അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കിയത്.
സംഭവത്തില് കേസ് രജിസ്റ്റര് ചെയ്തതിനു പിന്നാലെ ഒളിവില് പോയ പ്രതിയെ ഇതുവരെ കണ്ടെത്താന് പൊലീസിനു കഴിഞ്ഞിട്ടില്ല. പരാതിക്കാരി ഭര്ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്ജി നല്കി.
ഏറെ വര്ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള് കഴിഞ്ഞ 14 നാണു നാട്ടിലെത്തിയത്. യുകെയില് വച്ചാണു സ്വകാര്യ ദൃശ്യങ്ങള് അവിടത്തെ അശ്ലീല വെബ്സൈറ്റുകള്ക്കു ഭര്ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്ത്താവിനെ കൗണ്സലിംഗിനു വിധേയനാക്കിയെങ്കിലും പിന്നീടും തന്നെ മർദിച്ചതായി യുവതി മൊഴി നല്കി.
ഒരു പതിറ്റാണ്ടു നീണ്ട പ്രണയം
10 വര്ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്ത്താവ് അശ്ലീല വിഡിയോകള്ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള് പകര്ത്തുമായിരുന്നെന്നും കുളിമുറിയില് ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്കി. നഗ്നദൃശ്യങ്ങള് അശ്ലീല സൈറ്റുകള്ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന് നിര്ബന്ധിക്കുകയും ചെയ്തു.
വിസമ്മതിച്ചപ്പോള് ദേഹോപദ്രവം ഏല്പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി. കൗണ്സലിംഗ് നടത്തിയാല് മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില് താല്പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്സലിംഗിനിടെ ഭര്ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്കി.
Kerala
കൊല്ലം: കൊല്ലത്തു ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള് ചിത്രീകരിച്ചു ഭര്ത്താവ് വിറ്റെന്ന പരാതിയില് ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തല്. നാലു വയസുകാരി മകളുടെ ദൃശ്യങ്ങളും പകര്ത്തി എന്നാണ് പരാതിക്കാരി നല്കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന് ഭര്ത്താവ് നിര്ബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു.
കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്ത്താവിനു ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ, പരാതിക്കാരി ഭര്ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്ജി നല്കി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള് ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോള് ക്രൂരമായി മര്ദിച്ചെന്നും യുവതി പറയുന്നു. ഭര്ത്താവിനു ഇത്തരം പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
കിടപ്പുമുറിയില്നിന്നുള്ള സ്വകാര്യദൃശ്യങ്ങള് പകര്ത്തി ഭര്ത്താവ് അശ്ലീല വെബ്സൈറ്റുകള്ക്കു വിറ്റെന്ന പരാതിയില് കൂടുതല് വിവരങ്ങള് ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള് പകര്ത്തി ഫോണില് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. പോലീസിന് നല്കിയ പരാതിയിലാണ് കൂടുതല് വിവരങ്ങളുള്ളത്. പരാതിയില് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള് മകളുടെ മുന്നില്വച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നത്രേ.
ഇതോടെ വീട്ടുകാരോടു കാര്യം പറഞ്ഞതില് പ്രകോപിതനായി ഇയാൾ യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
വിദേശത്തു കഴിയവേയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള് ഭര്ത്താവ് ഫോണില് പകര്ത്തിയത്. തനിക്കു കാണാനാണ് ഇതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഇത് അശ്ലീലവെബ്സൈറ്റുകൾക്കും മറ്റും വിൽക്കുകയായിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചിലർ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കൗണ്സലിംഗ് നൽകി ഭർത്താവിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഇയാളെയുമായി നാട്ടിലെത്തുകയായിരുന്നു. എന്നാല്, കൗണ്സലിംഗിനു പോകണമെന്നു നിര്ബന്ധിച്ചപ്പോഴും മര്ദിച്ചെന്നും യുവതി പറയുന്നു. ഭര്ത്താവിനു പങ്കാളിയെ പങ്കുവയ്ക്കല് സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പോലീസ് പരാതിയില് അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.
Kerala
കൊല്ലം: ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. കൊട്ടിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കൊട്ടിയം സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി.
ദമ്പതികൾ ഇംഗ്ലണ്ടില് ജോലിക്കായി താമസിച്ചുവരികയായിരുന്നു. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. തുടർന്നും അതിക്രമങ്ങൾ നേരിട്ടതോടെയാണ് പരാതി നൽകിയതെന്നാണ് യുവതിയുടെ മൊഴി.
Kerala
കൊല്ലം: കിടപ്പറദൃശ്യം പകര്ത്തി ഭര്ത്താവ് അശ്ലീല വെബ്സൈറ്റുകള്ക്കു വിറ്റതായ ഭാര്യയുടെ പരാതിയില് കൂടുതല് വിവരങ്ങള് പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില് തന്റെ ഭര്ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങള് പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില് ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില് കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര് ചെയ്തത്. നിലവില് പ്രതി ഒളിവിലാണ്.
കൊല്ലം ജില്ലക്കാരായ ദമ്പതികള് യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള് നിർബന്ധിച്ചു പകര്ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള് വെബ്സൈറ്റുകള്ക്കു വില്ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള് പ്രചരിക്കുന്നതു ശ്രദ്ധയില്പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്ത്താവിനെതിരെ പോലീസില് പരാതി നല്കിയത്.
കൗണ്സലിംഗ് നല്കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്ത്താവ് ക്രൂരമായി മര്ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്കുകയായിരുന്നു. സംഭാഷണങ്ങള് അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ദൃശ്യങ്ങള് പങ്കുവച്ചതില് ഭര്ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള് പങ്കുവച്ച് ഭര്ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്വച്ച് ലൈംഗിക വൈകൃതങ്ങള് കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില് ചികിത്സയിലാണ്.
District News
കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്വേ സ്റ്റേഷന്. പുതിയ കെട്ടിടങ്ങളുടെ നിര്മാണം നടക്കുന്നതാണ് യാത്രക്കാര്ക്ക് ദുരിതമായിരിക്കുന്നത്. റെയില്വേ സ്റ്റേഷനില് 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന് വികസന നിര്മാണ പ്രവര്ത്തനങ്ങളാണ് നിലവില് പുരോഗമിക്കുന്നത്.
പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്ത്തിയായിട്ടുള്ളൂ. നിര്മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള് ഉറപ്പിക്കുന്നതിനുള്ള ട്രെയിന് ഗതാഗത നിയന്ത്രണങ്ങള് ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള് നിര്മാണം വൈകുകയാണ്. ഇതാണ് ദുതം ഇരട്ടിപ്പിക്കുന്നത്.
2025-26 കാലയളവില് പൂര്ത്തിയാക്കാന് ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില് പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. നിര്മാണം പൂര്ത്തിയാകാന് ഇനിയും സമയമെടുക്കുമെന്നതിനാല് യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില്. ദിവസം ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും ഉപയോഗിക്കുന്ന സ്റ്റേഷനായതിനാല് ചെറിയ തടസങ്ങള് പോലും യാത്രക്കാര്ക്ക് വലിയ ദുരിതമായി മാറുന്നു.
സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്ഫോം ഒന്നിന്റെ വലിയ ഭാഗത്ത് മേല്ക്കൂര ഇല്ലാത്തതിനാല് മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്. പ്രത്യേകിച്ച് മുതിര്ന്ന യാത്രക്കാര്ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള് യാത്രക്കാര്ക്ക് നനയാതെ നില്ക്കാന് ഇടമില്ല. വന്ദേഭാരത് ഉള്പ്പെടെയുള്ള ട്രെയിനുകളില് തങ്ങളുടെ നിര്ദിഷ്ട കോച്ചുകളിലേക്ക് നടന്നുപോകാന് മേല്ക്കൂരയില്ലാത്തതിനാല് യാത്രക്കാര് മഴയും വെയിലും കൊള്ളണം.
പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള് ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില് വെളിച്ചക്കുറവും ചില ഭാഗങ്ങളില് അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില് നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള് വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില് യാത്രക്കാര് തമ്മില് തട്ടിമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു.
രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില് ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില് തട്ടി യാത്രക്കാര്ക്ക് പരിക്കേല്ക്കുന്ന സംഭവങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
ചെറിയ മഴ പെയ്താല് പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില് ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്ന്ന പൗരന്മാര്ക്കും കുട്ടികള്ക്കും യാത്ര ദുഷ്കരമാക്കുന്നു. നിലവിലെ നിര്മാണ പ്രവൃത്തികള് കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര് കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു.
നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെ തുടര്ന്ന് താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണ് പ്രവര്ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ട് ഉണ്ടാക്കിയ താത്കാലിക പന്തലുകളില് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന് യാത്രക്കാര്ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില് നില്ക്കേണ്ടി വരുന്നു. കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്ഫര്മേഷന് സെന്ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും.
സ്റ്റേഷനില് ആവശ്യത്തിന് കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില് നിര്മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്ക്ക് ഉപയോഗപ്രദമായ രീതിയില് നിരത്തിയിടാന് കഴിയുന്നില്ല. ഇതിനാല് ദീര്ഘനേരം നില്ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്.
Kerala
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം വിദ്യാർഥി ബിലാലിനെയാണ് കാണാതായത്. വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല
വീടിന് സമീപത്തെ കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. അഗ്നിശമനസേനയും പോലീസും കായലിൽ തെരച്ചിൽ നടത്തുന്നുണ്ട്.
Kerala
കൊല്ലം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ വിവാദ പരാമർശത്തിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ.
ഗണേഷ്കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് കൊട്ടാരക്കര യൂണിയന്റെ ആവശ്യം. ഗണേഷിന്റെ നടപടിയിൽ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഓഗസ്റ്റ് 15ന് ചേരുന്ന യൂണിയൻ പൊതുയോഗത്തിൽ വച്ച് ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻ പിള്ളയും സെക്രട്ടറി സി. അനിൽകുമാറും അറിയിച്ചു.
Kerala
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ വീട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച അദ്ദേഹം കുടുംബത്തിന് അടിയന്തര സഹായവും പുനരധിവാസവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ ആദ്യഘട്ടത്തിലുണ്ടായ കാലതാമസം തികച്ചും നിർഭാഗ്യകരമാണ്. ന്യായീകരണങ്ങൾക്ക് ശ്രമിക്കാതെ സർക്കാർ ഫലപ്രദമായി ഈ വിഷയത്തിൽ ഇടപെടണം. കാണാതായ ഗൗതമിനെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കുടുംബത്തിന് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സർക്കാർ നൽകണം. ഇവരുടെ ദുരിതങ്ങളും സാമ്പത്തിക ബാധ്യതകളും കണക്കിലെടുത്ത് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും വീടും ഇളയ മകന് ജോലിയും നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: നീണ്ടകര ഉൾപ്പെടെ തീരമേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താനും സർക്കാർ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് ലത്തീൻസഭ തിരുവനന്തപുരം ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ.
കൊല്ലം രൂപതയുടെ 700-ാം വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളും തെരച്ചിൽ പ്രവർത്തനങ്ങളും ഉന്നയിച്ചപ്പോൾ തികഞ്ഞ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
"പത്തു ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്" എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്നും റവ. ഡോ. തോമസ് ജെ. നെറ്റോ കൂട്ടിച്ചേർത്തു.
വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള അങ്ങയുടെ ഓരോ പ്രവർത്തനത്തെയും നോക്കിക്കാണുന്നത്. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും രൂപതയുടെയും ജനങ്ങളുടെയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ബിഷപ്പ് അറിയിച്ചു.
നീണ്ടകര ഉൾപ്പെടെ തീരദേശ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്നും, വികസന-രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും റവ. ഡോ. തോമസ് ജെ. നെറ്റോ വ്യക്തമാക്കി.
Kerala
കൊല്ലം: വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. കൊല്ലം പരവൂർ പുത്തൻകുളത്തുണ്ടായ സംഭവത്തിൽ പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തിയെങ്കിലും വീടിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കൊല്ലം: കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ഇനിയും കണ്ടെത്താനുള്ളവർക്കായി തെരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.
വേദനാജനകമായ സംഭവമാണിത്. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് കാണാതായിട്ടുള്ളത്. കോസ്റ്റ്ഗാർഡ് ഐജിയുമായി സംസാരിച്ചിരുന്നു. തെരച്ചിൽ നിലവിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് തെരച്ചിൽ തുടരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ആയിരുന്നു നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞത്. അപകടത്തിൽ പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) വ്യാഴാഴ്ച തന്നെ മരിച്ചു. രാജീവന്റെ മകളുടെ ഭർത്താവ് പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47), മകൻ ഗൗതം കൃഷ്ണ (26) എന്നിവരെ കാണാതായി. പിന്നീട് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഗൗതമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Kerala
കൊല്ലം: രോഗബാധിതയായി തളർന്നുകിടന്ന സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയിൽ. പടപ്പക്കര ചരുവിള വീട്ടിൽ രാജു (53) ആണ് പിടിയിലായത്. സ്ട്രോക്ക് ബാധിച്ച് തളർന്നുകിടന്ന കിടപ്പു രോഗിയായ സ്ത്രീയെ അതിക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു പ്രതി.
കുണ്ടറ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. യൂറിൻ ട്യൂബ് വലിച്ചുപൊട്ടിക്കുകയും മർദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത പ്രതി, പീഡനം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പോലീസ് പറയുന്നത്.
2020 ൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും രാജു പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന കസ്റ്റഡി മര്ദന ആരോപണത്തില് സിപിഒ ശ്രീജിത്തിന് സസ്പെന്ഷന്. അന്വേഷണ വിധേയമായാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മർദിച്ചെന്ന ആരോപണത്തിലാണ് നടപടി. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആയിരുന്നു പോലീസ് മർദനത്തിന് പിന്നാലെ മരിച്ചത്.
വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ് 16ന് കസ്റ്റഡിയിലെടുത്ത സിയാദിനെ കാണാതായ വിദ്യാർഥി വീട്ടിൽ മടങ്ങിയെത്തിയ ശേഷം 17ന് ആണ് വിട്ടയച്ചത്.
കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിന്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പരിശോധനാ ഫലം.
അതേസമയം സിയാദിനെ പോലീസ് വാഹനത്തിൽ വച്ച് സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
Kerala
കൊല്ലം: തങ്കശേരിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ ആറരയോടെ തങ്കശേരി പുലിമുട്ടിന് സമീപത്തമാണ് സംഭവം. രണ്ട് പേർ സഞ്ചരിച്ച വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ കസ്റ്റഡി മർദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ പോലീസിന്റെ വാദം തള്ളി പരാതിക്കാരിയായ പെൺകുട്ടി. സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി പറഞ്ഞു.
പോലീസ് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്നും ഈ സമയം വാഹനത്തിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. മർദനത്തെ തുടർന്ന് സിയാദ് നിലവിളിച്ചെന്നും പെൺകുട്ടി പറഞ്ഞു.
ഇതേ പെൺകുട്ടിയുടെ സഹോദരനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിയാദിനെ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഡിജിപിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്ട്ട് തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. സർവകലാശാലയ്ക്ക് അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിനായാണ് പണം അനുവദിച്ചിരിക്കുന്നത്.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ല സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ല കേരളസർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് പദ്ധതിയെന്ന് റോജി.എം.ജോൺ വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലത്ത് പട്രോളിംഗിനിടെ പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പത്തനാപുരം മഞ്ഞക്കാല പുത്തന്വിള വീട്ടില് നന്ദു (24), ടിടി ഹൗസില് ടിനു (22) എന്നിവരാണ് പിടിയിലായത്.
എഴുകോണ് ചീരങ്കാവ് ബാറിനു സമീപം ഞായറാഴ്ച പുലര്ച്ചെയായിരുന്നു സംഭവം. എഴുകോണ് എസ്എച്ച്ഒ ശ്രീകുമാറിനെയാണ് പ്രതികൾ വാഹന പരിശോധനയ്ക്കിടെ പ്രതികള് ഇടിച്ചുവീഴ്ത്തിയത്. വീഴ്ചയില് ശ്രീകുമാറിന് സാരമായ പരിക്കില്ലെന്നാണ് വിവരം.
ബാറിന് സമീപം ചിലർ മദ്യപിച്ച് കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു ശ്രീകുമാര്. പിന്നാലെ ബൈക്കിലെത്തിയ രണ്ട് യുവാക്കള് എസ്എച്ച്ഒയെ ഇടിച്ച് നിലത്തിടുകയായിരുന്നു. പിടിയിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാർ (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പൂയപ്പള്ളിയിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി കയറിപ്പിടിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പൂയപ്പള്ളി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ അഭ്യർഥന മാനിച്ച് പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും പിന്നെയും ഇയാൾ വിദ്യാർഥിനിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീണ്ടും വീട്ടുകാർ പരാതി നൽകിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: ഐസ്ക്രീം ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയാണ് സംഭവം.
കല്യാണ വിരുന്നിനിടെ പെൺവീട്ടുകാർ ഐസ്ക്രീം ചോദിച്ചപ്പോൾ നൽകാത്തതിന് പിന്നാലെയാണ് അടി ഉണ്ടായത്. ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിങ്ങുകാർ പറഞ്ഞതിന് പിന്നാലെ ബോക്സ് തുറന്ന് ഐസ്ക്രീം എടുക്കാൻ പെൺവീട്ടുകാർ ശ്രമിച്ചതാണ് അടിപിടിയിൽ കലാശിച്ചത്.
പ്രശ്നത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ കൂട്ടയടിയായി. സംഭവത്തിൽ ഒരാളെ ഇരവിപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. അതേസമയം സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Kerala
കൊല്ലം: ജനപ്രതിനിധി അല്ലാതായിട്ടും എംഎൽഎ ഓഫീസിന്റെ ബോർഡ് മാറ്റിസ്ഥാപിച്ചില്ലെന്ന് ആരോപിച്ച് എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. മുകേഷ് ഇപ്പോഴും എംഎൽഎ ആണെന്ന രീതിയിൽ ബോർഡ് നിലനിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇത് നിയമ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ജില്ലാ കളക്ടർക്കും പോലീസിലും നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപമുള്ള ബോർഡാണ് ഇതുവരെയും നീക്കം ചെയ്യാത്തത്.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കേരള കോൺഗ്രസ് ബിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരള കോൺഗ്രസ് ബി കൊല്ലം ജില്ലാ കമ്മിറ്റി അംഗവും കെടിയുസി കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ പെരുംകുളം സുരേഷിന്റെ നേതൃത്വത്തിൽ നിരവധി പേർ പാർട്ടി വിട്ടു.
കെ.കെ.രമ എംഎൽഎ നേതൃത്വം നൽകുന്ന ആർഎംപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി പെരുംകുളം സുരേഷ് പറഞ്ഞു. നേരത്തെ പുന്നലയിൽനിന്നുള്ള ഒരുവിഭാഗം പ്രവർത്തകർ പാർട്ടി വിട്ട് ആർഎസ്പിയിൽ ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് കൊട്ടാരക്കരയിലും പാർട്ടിക്ക് വലിയ ചോർച്ചയുണ്ടായിരിക്കുന്നത്.
സാധാരണ പാർട്ടി പ്രവർത്തകരോടുള്ള കെ.ബി.ഗണേഷ് കുമാറിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിടുന്നതെന്ന് പെരുംകുളം സുരേഷ് വ്യക്തമാക്കി. സാധാരണക്കാരായ പ്രവർത്തകരെ പാടെ മറന്ന് പണക്കാർക്കും മുതലാളിമാർക്കും വേണ്ടി മാത്രമാണ് ഗണേഷ് കുമാർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ഗണേഷ് കുമാറുമായി അകന്ന് ആർഎംപിഐയിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം പെരുംകുളം സുരേഷിന് ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്ന് കേരള കോൺഗ്രസ് ബി നേതാക്കൾ പറഞ്ഞു.
Kerala
കൊല്ലം: നഗരത്തിലെ ഹോട്ടല് മുറിയില് ദമ്പതികളെ വിഷം കഴിച്ച നിലയില് കണ്ടെത്തി. ഭര്ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്. ആദിച്ചനല്ലൂര് സ്വദേശിയും ബംഗളൂരുവില് സ്ഥിരതാമസക്കാരനുമായ ബംഗളൂരു വിശാല് മള്ട്ടി സ്പെഷാലിറ്റി ആശുപത്രിക്കു സമീപം ആനന്തപുരം സര്ക്കിള് ടി.സി. പാലിയയില് അനില്കുമാര് (59) ആണ് മരിച്ചത്.
ഇയാളുടെ ഭാര്യ ബീന (54) യെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് നഗരത്തിലെ റെയില്വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. മുറിയില്നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
അനില്കുമാറും ബീനയും ഓണ്ലൈന് ഹോട്ടല് ബുക്കിംഗ് ആപ്പ് വഴി 30നാണ് രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നത്. ഒന്നിന് കൊല്ലത്തെത്തിയ ഇരുവരും മുന്കൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെത്തി താമസിച്ചു വരികയായിരുന്നു.
ഹോട്ടലിലെ ഒന്നാം നിലയിലെ ഡീലക്സ് റൂം നമ്പര് 102 ലാണ് ഇവര് താമസിച്ചിരുന്നത്. ദിവസവും രാവിലെ ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവര് പറുത്തിറങ്ങിയിരുന്നുവെന്നും അസ്വഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നുമാണ് ഹോട്ടല് ജീവനക്കാര് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ റൂം ചെക്ക് ഔട്ട് ചെയ്യുന്ന വിവരം പറയാനായി ഹോട്ടൽ അധികൃതര് ഫോണില് വിളച്ചപ്പോഴും റൂമില് മുട്ടിയപ്പോഴും
പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്ന്ന് ഹോട്ടല് അധികൃതര് ഈസ്റ്റ് പോലീസില് വിവരം അറിയിക്കുകയും പോലീസ് റൂമിന്റെ പൂട്ട് തകര്ത്ത് ഉള്ളില് കടക്കുകയായിരുന്നു. ഇരുവരും കട്ടിലില് അബോധവാസ്ഥയില് കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. മുറിയില് നടത്തിയ പരിശോധനയില് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ഇരുവരെയും ഉടനെ ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും അനില്കുമാര് മരിച്ചു. അനില്കുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. സംഭവത്തില് പോലീസ് ഹോട്ടൽ മുറി സീല് ചെയ്തയിട്ടുണ്ട്. ശനിയാഴ്ച ഫോറന്സിക് വിദഗ്ദ്ധര് എത്തി പരിശോധന നടത്തും.
വിഷം എവിടെനിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും ഫോണ് രേഖകളും അടക്കം സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു. സംഭവത്തില് ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കളായ ഹേമന്ദ്, മനീഷ് എന്നിവര് ശനിയാഴ്ച കൊല്ലത്തെത്തിയ ശേഷമേ കൂടുതല് വിവരങ്ങളറിയാനാകുവെന്ന് പോലീസ് പറഞ്ഞു.
Kerala
കോട്ടയം: കൊല്ലം ഹൈസ്കൂള് ജംഗ്ഷനില്നിന്നും ആരംഭിച്ച് തമിഴ്നാട്ടിലെ ഡിണ്ടിഗൽ വരെയുള്ള ദേശീയപാത 183 റോഡ് ഗതാഗത മന്ത്രാലയത്തില്നിന്ന് ദേശീയപാതാ അഥോറിറ്റി ഏറ്റെടുത്തു.
കേരളത്തിലെ കൊല്ലം മുതല് കുമളി വരെയുള്ള 216 കിലോമീറ്ററും കുമളി മുതല് ഡിണ്ടിഗല് വരെയുള്ള 134 കിലോമീറ്ററും ഉള്പ്പെട ആകെ 350 കിലോമീറ്റര് ദൂരമാണ് റോഡിനുളളത്. ഇതുവരെ ഇരു സംസ്ഥാനങ്ങളിലേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്നോട്ടത്തില് ആയിരുന്നു റോഡിലെ പ്രവൃത്തികള് നടന്നിരുന്നത്.
ഇനിയും റോഡ് നിര്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.
ആഞ്ഞിലിമൂട് മുതല് തിരുവല്ല, ചങ്ങനാശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി വരെയുള്ള ഭാഗം നാലുവരിപ്പാതയായി നവീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി പുതിയ കണ്സള്ട്ടന്സിയെ ഉടന് നിയമിക്കുമെന്ന് ഫ്രാന്സിസ് ജോര്ജ് എംപി പറഞ്ഞു. ഇതിനായി ക്ഷണിച്ച ടെന്ഡര് ഏഴിന് തുറക്കും. ഒരു വര്ഷമാണ് പഠനകാലാവധി.
Kerala
കൊല്ലം: എംഡിഎംഎ വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 22.48 ഗ്രാം എംഡിഎംഎ പിടികൂടിയത്.
സംഭവത്തിൽ നബിൻ, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം വീട് വളയുകയായിരുന്നു.
പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇത്രയും വലിയ അളവിൽ എംഡിഎംഎ എവിടെ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വൻ രാസലഹരി വേട്ട. ഡാൻസാഫ് സംഘം അയത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ എംഡിഎംഎയുമായി പിടിയിലായത്. അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപം നബിൻ(24), സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്.
പിടിയിലായ പ്രതികളിൽ നിന്ന് 22.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി നബിന്റെ വീടു വളഞ്ഞാണ് ഡാൻസാഫ് സംഘം ലഹരി മരുന്നുമായി ഇരുവരെയും പിടികൂടിയത്.
Kerala
കൊല്ലം: ഹെഡ്ഫോൺ ഉപയോഗിച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ജോൺ എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റത്.
മധുരൈ - ഗുരുവായൂർ എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ തട്ടിയത്. ജോൺ ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ ലോകോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് റെയിൽവേ ജീവനക്കാർ യുവാവിനെ പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റെയിൽവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊല്ലം: കൊല്ലം ചിതറയിൽ രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, സുഹൃത്ത് വിഷ്ണു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്.
അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഇരുവരുടെയും ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ അമ്മയും മകളും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിഷ്ണു ചിതറ, കടയ്ക്കൽ സ്റ്റേഷനുകളിലായി ആറ് ക്രിമിനൽകേസുകളിലും അനീഷ് രണ്ടു കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: ഇടമുളയ്ക്കല് ഗ്രാമപഞ്ചായത്തിൽ തെരുവുനായയെ വെടിവച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവെച്ചത്. നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്ത്തിയതോടെയാണ് പഞ്ചായത്തിന്റെ നടപടി.
തെരുവുനായയെക്കൊണ്ട് നാടാകെ പൊറുതിമുട്ടിയിരുന്നു. 12-ാം വാര്ഡില് കുട്ടികള് ഉള്പ്പെടെ മൂന്നുപേരെ ഈ നായ ആക്രമിച്ചിരുന്നു. നായയെ ഓടിക്കാനുളള ശ്രമങ്ങള് ഫലം കാണാതായതോടെയാണ് ലിജുവിന്റെ നേതൃത്വത്തില് വെടിവയ്ക്കാന് തീരുമാനിച്ചത്. ഷൂട്ടറെ ഉപയോഗിച്ച് വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് നായയെ വെടിവച്ചത്.
മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില് അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന് സുപ്രീം കോടതി നേരത്തെ അനുമതി നല്കിയിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയില് വര്ധിക്കുകയും നിരന്തരമായ ആക്രമണങ്ങളുണ്ടാവുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന പ്രദേശങ്ങളില് മുന്സിപ്പല് കോര്പ്പറേഷനുകള്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും ദയാവധം നടപ്പാക്കാം എന്നായിരുന്നു കോടതി വിധി.
Kerala
ചാരുംമൂട്: പൂട്ടിക്കിടന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം പന്മന വില്ലേജിൽ ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ 'ചില്ലു ശ്രീകുമാർ' എന്നറിയപ്പെടുന്ന ശ്രീകുമാർ(41) ആണ് പിടിയിലായത്.
കൊലപാതകം, അടിപിടി, മോഷണം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി 40ഓളം കേസുകളിൽ പ്രതിയാണ് ശ്രീകുമാർ. നൂറനാടിനു സമീപം കൊട്ടയ്ക്കാട്ടശേരിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
താമരക്കുളം വേടരപ്ലാവിൽ 10 ദിവസം മുൻപ് താമസക്കാരില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടംഗ സംഘം മോഷണശ്രമം നടത്തിയിരുന്നു. ഈ കേസിലും ശ്രീകുമാർ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിൽ ശ്രീകുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നൂറനാട് പോലീസ് അറിയിച്ചു.
Kerala
കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകൾ ശരണ്യ (27) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്. അപകട സ്ഥലത്ത് വച്ച് തന്നെ ശശി മരിച്ചിരുന്നു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
കൊല്ലം :സാമൂഹികവനവത്കരണത്തിന്റെ വിപുലീകരണം ഉറപ്പാക്കുന്നതിന് കൂടുതല് പദ്ധതികള് സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്. തേവലക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് നടപ്പിലാക്കുന്ന അഷ്ടമുടികായല് കണ്ടല്വനവത്കരണം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനവത്കരണത്തിന്റെ ഭാഗമായ പദ്ധതികളിലൂടെ ലഭിക്കുന്ന കാര്ബണ് ക്രെഡിറ്റിലൂടെ തദ്ദേശസ്ഥാപനങ്ങള്ക്ക് വരുമാനമാര്ഗവും ഉറപ്പാക്കാനാകും. വനസംരക്ഷണം ഉറപ്പു വരുത്തുന്നതിന് മേഖലകള് പൂര്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ്. നിരോധനം കര്ശനമായി നടപ്പിലാക്കിയാകും ഇതുസാധ്യമാക്കുക. മാലിന്യനിര്മാര്ജനം ഉറപ്പാക്കാന് ആരംഭിച്ച എംസിഎഫ് പദ്ധതി കൂടുതല് ശക്തമാക്കും.
അഷ്ടമുടികായലിലെ മണ്തിട്ടകള് സംരക്ഷിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തേവലക്കരപഞ്ചായത്ത് പ്രസിഡന്റ് എസ്. അനില് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷേര്ലി ജേക്കബ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ആര്.അരുണ്രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്മോന് അരിനല്ലൂര്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിസ്മി അനസ്, പാലക്കല് ഗോപന്, പഞ്ചായത്ത് അംഗങ്ങള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
Kerala
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് വാഹനം ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം നടന്നത്.
കെഎസ്ആർടിസി താത്കാലിക ജീവനക്കാരനായിരുന്ന അഭിജിത്തിനെതിരെയാണ് നടപടി. അഭിജിത്ത് റീൽസ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചുനൽകിയത്.
ഇതേ തുടർന്നാണ് നടപടി. രണ്ട് മാസത്തേക്കാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല.
Kerala
കൊല്ലം: കൊല്ലത്ത് മരുതമൺപള്ളി ക്ഷേത്രത്തിനു സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് ഒരു തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ടിൻ നിറയെ വെള്ളി ആഭരണങ്ങൾ. വിവിധ തരത്തിലുള്ള 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ടിന്നിൽ ഉണ്ടായിരുന്നത്.
35 ജോടി പാദസരം, 2ജോടി കാൽത്തള, 2 ഏലസ്. 5 മൂക്കുത്തി, 2 ജോടി കമ്മലുകൾ, 1 മോതിരം, ഒപ്പം ഇടിവള എന്നിങ്ങനെയാണ് ടിന്നിനുള്ളിൽ നിന്ന് ലഭിച്ചത്. ടിൻ ലഭിച്ചതിനു സമീപത്തു നിന്നു തന്നെ ആഭരണശാലകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസും കണ്ടെത്തി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ത്രാസാണ് കണ്ടു കിട്ടിയത്.
ഉടനെ ഇവർ വാർഡ് മെന്പറെ വിവരം അറിയിച്ചു. മെന്പർ എത്തി പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സാധനങ്ങൾ തോട്ടിലൂടെ ഒഴുകിയെത്തിയതാണോ അതോ ആരെങ്കിലും തോട്ടിൽ ഉപേക്ഷിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമുതലാണോ എന്നും പരിശോധിച്ച് വരികയാണ്. ഏതെങ്കിലും കടകളിൽ നിന്ന് ആഭരണങ്ങളും ത്രാസും നഷ്ടമായിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
പുനലൂർ: പുനലൂർ പോലീസ് സ്റ്റേഷനിൽ കയറി എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകർത്ത പ്രതിയെ അറസ്റ്റ് ചെയ്തു. കരവാളൂർ സ്വദേശി വിജോയ് ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ പുനലൂർ എസ്എച്ച്ഒ സന്തോഷ് കുമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ചൊവ്വാഴ്ച പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഷൈജുവിന്റെ വിവരങ്ങൾ അന്വേഷിക്കാനാണ് സന്തോഷ് കുമാർ പോലീസ് സ്റ്റേഷനിലെത്തിയത്. ഇരുവരും സുഹൃത്തുക്കളാണ്.
കസ്റ്റഡിയിലുള്ള ഷൈജുവിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജോയ് സ്റ്റേഷനിലേക്ക് കയറിവന്നത്. വിജോയ് മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും ഇയാൾ സ്റ്റേഷനകത്ത് പരസ്യമായി ബഹളം വച്ച് അക്രമാസക്തനായെന്നും പോലീസ് പറയുന്നു.
ഇതിനിടെ വിജോയ്യെ തടയാനെത്തിയ എസ്എച്ച്ഒ സന്തോഷ് കുമാറിനെ പ്രതി മർദിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ഇടപെട്ട് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാൻ (32)ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 7.120 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കരുനാഗപ്പള്ളി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാൻ പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ.
ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. ഇയാൾ നേരത്തെയും ലഹരി ഇടപാട് കേസുകളിൽ പ്രതിയായിരുന്നു.
Kerala
കൊല്ലം: നിർമാണ പുരോഗതിയിലുള്ള ദേശീയപാത 66ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം ബൈപാസ് റോഡിൽ പാലത്തറയിലുള്ള ഉയരപ്പാതയിലാണ് ഇത്തവണ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ ഉയരപ്പാതയിൽ ഏകദേശം 10 മീറ്ററോളം നീളത്തിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടത് നാട്ടുകാർ കരാർ കമ്പനിയെ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനി പ്രതിനിധികളും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. റോഡിന് പുറമേ മാത്രമുള്ള വിള്ളലാണിതെന്നും ഘടനയെ ബാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിള്ളൽ കണ്ടെത്തിയതിനെതുടർന്ന് ഉച്ചയോടെ തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഈ ഭാഗത്തെ ടാർ പൂർണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. ഇവിടെ എത്രയും വേഗം പുതിയ രീതിയിൽ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പനിയുടെ ലെയ്സൻ ഓഫീസർ അറിയിച്ചു. ദേശീയപാത 66ന്റെ നിർമ്മാണത്തിനിടെ ഇത്തരത്തിൽ വിള്ളൽ രൂപപ്പെടുന്നത് ഇതാദ്യമല്ല.
മുൻപ് കാവനാട് ഭാഗത്തുള്ള ഉയരപ്പാതയിലും സമാനമായ രീതിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടെ പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. മേവറത്ത് നേരത്തേ മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് നിലവിൽ പുതിയ തൂണുകൾ നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്.
അരവിന്ദും സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ വെച്ച് റീൽസ് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും, മറ്റൊന്ന് സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കുമാണ് ഇടിച്ചുകയറിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും ശാസ്താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അരവിന്ദ് പിന്നീട് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Kerala
കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ, പാലത്തറ സ്വദേശികളായ വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്.
നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.
വയനാട് ജില്ലയിൽ നിലവിൽ എട്ട് കുട്ടികൾ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. നേരത്തേ കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു.
District News
കൊല്ലം: നിര്മാണ സാമഗ്രികളുടെ നിയന്ത്രണമില്ലാത്ത വിലവര്ധനയും അതിഥിത്തൊഴിലാളികള് നാടുകളിലേക്ക് മടങ്ങിയതും കെട്ടിട നിര്മാണ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. നാട്ടിലേക്കു മടങ്ങിപ്പോയ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ തിരികെ വരാത്തതും പ്രാദേശിക തൊഴിലാളികളുടെ കടുത്ത ക്ഷാമവും കേരളത്തിലെ നിർമാണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നു.
തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാട്ടിലേക്കു പോയ തൊഴിലാളികളിൽ കേവലം 40 ശതമാനം മാത്രമാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കാലം ആരംഭിച്ചതും അവിടെത്തന്നെ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമായതുമാണ് തൊഴിലാളികൾ കേരളത്തിലേക്കു മടങ്ങുന്നതിന് വിമുഖത കാണിക്കാൻ കാരണം.
ഇതോടെ വൻകിട വികസന പദ്ധതികൾ മുതൽ സാധാരണക്കാരുടെ ഭവന നിർമാണങ്ങൾ വരെ പാതിവഴിയിൽ സ്തംഭിച്ച അവസ്ഥയിലാണ്. കഠിനമായ നിർമാണ ജോലികൾക്ക് മലയാളി തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം നിലനിൽക്കെ, ലഭ്യമായ ഇതര സംസ്ഥാനത്തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നതും കരാറുകാർക്കും സാധാരണക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. തൊഴിലാളികളുടെ ക്ഷാമം മൂലം കൃത്യസമയത്ത് പണികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വൻ തുക പിഴയൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ് കരാറുകാർ. ഇതിനുപുറമെ ഇന്ധനവിലയും നിർമാണ സാമഗ്രികളുടെ വിലയും കുതിച്ചുയരുന്നതും ഈ മേഖലയ്ക്ക് ഇരട്ടപ്രഹരമാകുന്നുണ്ട്.
ഇതിനിടയിൽ എന്ജിനിയര്മാരുടെയും സൂപ്പര്വൈസര്മാരുടെയും സംഘടനയായ ലൈസന്സ്ഡ് എന്ജിനിയേഴ്സ് ആന്ഡ് സൂപ്പര്വൈസേഴ്സ് ഫെഡറേഷന് (ലെന്സ്ഫെഡ്) നിർമാണമേഖലയുടെ സ്തംഭനാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു. സര്ക്കാര് അടിയന്തരമായി ഇടപെട്ട് സമഗ്ര നടപടി സ്വീകരിക്കണമെന്ന് ലെന്സ്ഫെഡ് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
നിര്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും ഇതരസംസ്ഥാന ത്തൊഴിലാളികളുടെ കൂലി ഏകീകരണം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെട്ടിട നിര്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന് സര്ക്കാര് പ്രത്യേക സമിതി രൂപീകരിക്കുക, കുത്തക നിയന്ത്രണങ്ങളും കൃത്രിമ വിലവര്ധനയും തടയാന് കര്ശന നടപടിയടുക്കുക, സംസ്ഥാനത്തിനകത്തെ ഉല്പാദന യൂണിറ്റുകള് പുനഃരാരംഭിക്കാന് പ്രോത്സാഹനം നല്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ശാസ്ത്രീയ അടിസ്ഥാനത്തില് കര്ശന നിയന്ത്രണങ്ങളോടെ പുഴ മണല് ഖനനം പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ജോണ് ലൂയിസ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര് ടി ഗിരീഷ് കുമാര്, ജോയിന്റ് സെക്രട്ടറി ആർ ശിവപ്രസാദ്, ജില്ലാ സെക്രട്ടറി ബി എസ് ശിവകുമാര്, ട്രഷറര് വി ബിനുലാല് എന്നിവര് പ്രസംഗിച്ചു.
District News
കൊല്ലം: തമിഴ്നാട്ടിൽ കൃഷി കുറഞ്ഞതോടെ നേന്ത്രക്കായ വില കുതിക്കുന്നു. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 30–35 രൂപ മൊത്തവില ഉണ്ടായിരുന്നത് 50–54 രൂപയിലെത്തി. ചില്ലറ വിൽപ്പന വില 60-70 രൂപ ആയി. കഴിഞ്ഞ മൂന്നുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
2023 ജൂലൈ–ഓഗസ്റ്റ് മാസത്തിലാണു സമാന വില ലഭിച്ചത്. കഴിഞ്ഞ രണ്ടുവർഷം കൂടുതൽ കൃഷി ഇറക്കുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്തിരുന്നു. ആവശ്യത്തിലധികം ഉൽപ്പാദനം ഉണ്ടായതോടെ വില കുത്തനെ ഇടിഞ്ഞു. ആവശ്യക്കാർ ഇല്ലാത്തതിനാൽ കൃഷിയിടത്തിൽത്തന്നെ കുലകൾ പഴുത്തു നശിച്ചിരുന്നു. നഷ്ടം നേരിട്ട കർഷകരിൽ ഭൂരിഭാഗം പേരും ഇക്കുറി കൃഷി ഇറക്കാൻ തയാറായില്ല. അതിനിടെ കർണാടകയിൽ വിളവെടുപ്പു തീർന്നതും പ്രതിസന്ധിയായി.
ജില്ലയിലെ കർഷകർ ഓണത്തിനു വിളവെടുപ്പ് ലക്ഷ്യമിട്ട് ഇറക്കിയ കൃഷി മേയ് പകുതിയോടെയുണ്ടായ വേനൽ മഴയിൽ നശിച്ചു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണു കാറ്റിൽ നിലംപൊത്തിയത്. 29,110 കുലച്ച ഏത്തവാഴയും 22,200കുലയ്ക്കാത്ത വാഴകളും നശിച്ചതിൽപ്പെടുന്നു.
88.80 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയത്. അതിനാൽ ജില്ലയിലും നേന്ത്രക്കായ കുറവാണ് ഇപ്പോൾ. ഇതാണു വില ഉയരുന്നതിന്റെ പ്രധാന കാരണമെന്ന് കര്ഷകര് പറയുന്നു.
District News
പത്തനാപുരം :ഏകദേശം 26 വർഷങ്ങൾക്കു മുൻപ് നിർമിച്ച ഇടത്തറ കട്ടച്ചിക്കടവ് പാലം അപകടാവസ്ഥയിൽ.പത്തനാപുരം - കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പാലത്തിന്റെ കൈവരി തകർന്നതും ഒരു ഭാഗം ഇടിഞ്ഞു തോട്ടിലേക്കു തള്ളിയതും അപകട ഭീതി വർധിപ്പിക്കുകയാണ്.
കൊടിക്കുന്നിൽ സുരേഷ് എംപി യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2000 ഡിസംബർ ഒന്നിനാണ് പാലം നിർമ്മിച്ചത്.പിന്നീട് 2008 - 2009 സാമ്പത്തിക വർഷത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി പാലത്തിന്റെ അപ്രോച്ച് റോഡ് പത്തനാപുരം ഗ്രാമ പഞ്ചായത്ത് നിർമിച്ചിരുന്നു.2018 - 2019 കാലയളവിൽ റോഡ് റീ കോൺക്രീറ്റ് ചെയ്യാനും പണം അനുവദിച്ചു.എന്നാൽ തകർച്ചയിലായ പാലത്തിന്റെ കൈവരി സ്ഥാപിക്കാൻ ഇനിയും നടപടിയുണ്ടായിട്ടില്ല.
പാതിരിക്കൽ, ഇടത്തറ മേഖലയിലുള്ള ആയിരകണക്കിന് കുടുംബങ്ങൾ കട്ടച്ചിക്കടവ് പാലത്തെ ആശ്രയിച്ചാണ് വാഴപ്പാറ, മാങ്കോട്, പാടം തുടങ്ങിയ മേഖലകളിൽ എത്തുന്നതും.
കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് പാലത്തിനുള്ളത്.എതിരെ വാഹനം വന്നാൽ സൈഡ് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. പുനലൂർ - മൂവാറ്റുപുഴ റോഡിൽ കലഞ്ഞൂരിനും പത്തനാപുരത്തിനും ഇടയ്ക്ക് ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കട്ടച്ചിക്കടവ് പാലത്തിലൂടെയാണ് കൊല്ലം - പത്തനംതിട്ട ഭാഗങ്ങളിലേക്കുള്ള ചെറുതും വലുതുമായ വാഹനങ്ങൾ കടത്തിവിടുന്നത്.ഇതുവഴിയുള്ള റോഡും പൂർണ തകർച്ചയിലാണ്.
ഈ ഭാഗത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതു രാത്രികാല യാത്രയിൽ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. അടിയന്തിരമായി പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തി സുഗമമായ യാത്രക്ക് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.